കീഴാളൻ | Keezhalan
Perumal Murugan₹289.00
പെരുമാൾ മുരുകന്റെ ശ്രദ്ധേയമായ ഒരു നോവലാണ് കൂലമാതാരി. മലയാളത്തിൽ ഈ കൃതി കീഴാളൻ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അർദ്ധനാരീശ്വരനീലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ ‘കീഴാളൻ’എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്. ഗൗണ്ടർമാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങൾക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ച് കഴിയുന്ന കീഴാള ജീവിതത്തിന്റെ ദൈന്യം മുഴുവൻ ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു. കൂലയ്യനും കൂട്ടുകാരും ഈ വേദനകളുടെ രൂപങ്ങളാണ്. ക്ലാസ്സ് മുറികളിൽ സാമൂഹിക പാഠപുസ്തകങ്ങളിൽ നമ്മൾ പഠിക്കുന്ന തൊട്ടുകൂടായ്മയും ജാതി വിലക്കുകളും തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ യാഥാർത്ഥ്യങ്ങളായി മാറുകയാണ്. ഗൗണ്ടറുടെ കീഴിൽ പണിയുന്ന കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. അവർ കുട്ടികളാണ്, എങ്കിലും അവർക്ക് അവരുടെ മുൻഗാമികളുടെ പാത പിന്തുടരേണ്ടിയിരിക്കുന്നു. പാടങ്ങളിലൂടെ ഓടി, മരങ്ങളിൽ കയറി, മീനുകൾ പിടിച്ച് തിമിർക്കുന്ന ഒരു കുട്ടിക്കാലം നോവലിൽ വരച്ചിടുമ്പോൾ ആ വരികൾക്കിടയിൽ കീഴാളൻ എന്ന ചങ്ങലപ്പൂട്ടിൽ പരിമിതപ്പെടുന്നതിന്റെ, അടിച്ചമർത്തപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥയും വായിച്ചെടുക്കാനാവും. അവരുടെ അവസ്ഥ പൂഴിമണലിന് തുല്യമാണ്. പട്ടിണി കിടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഗൗണ്ടറുടെ വീട്ടുകാരി നൽകുന്ന ഭക്ഷണം ദൈവികമാണ്. കൂലയ്യന്റെ ലോകത്തിൽ താൻ കൊണ്ടു നടക്കുന്ന ആടുമാടുകൾ വയറു നിറയെ കഴിക്കേണ്ടതുണ്ട്. എന്നാൽ അതിന് നിയോഗിക്കപ്പെടുന്ന കുട്ടികൾക്ക് വയറുനിറച്ചുള്ള ആഹാരമെന്നത് ഒരു സ്വപ്നം മാത്രമാണ്. പെരുമാൾ മുരുകൻ ഈ നോവലിൽ അതിഭാവുകത്യം ഒന്നുംതന്നെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. പ്രകൃതിയുടെ മനോഹരമായ വർണ്ണനകളിലാണ് നോവൽ തുടങ്ങുന്നത്. എന്നാൽ ഈ സന്തോഷം നോവൽ അവസാനിക്കുമ്പോൾ തീർത്തും ഇല്ലാതാവുകയാണ്. ആടുമാടുകൾക്കൊപ്പം ജീവിച്ചു മരിക്കുന്ന, അഥവാ അങ്ങനെ വിധിക്കപ്പെട്ടിരിക്കുന്നവരുടെ അഗാധമായ മൗനം നോവലിനെ വന്നു മൂടുകയാണ് ഒടുവിൽ. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ മലയാളം പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് കബനി സിയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.