അപസര്‍പ്പകം | Apasarppakam
Prashanth Nambyar₹276.00
തികച്ചും യാദൃച്ഛികം അങ്ങിനെതന്നെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത് . ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കരില്‍ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മണ്മറഞ്ഞുപോയചില നല്ല സാഹിത്യകാലങ്ങളെ ഓര്‍മ്മിപ്പിക്കും വിധം പൊട്ടിത്തെറിക്കുന്ന നര്‍മ്മം.നിഗൂഢമായ ഒരുവായനാമൂര്ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്തികൊണ്ടുപോയി ശ്വാസം മുട്ടിക്കുന്ന രസച്ചരട്. അപസര്‍പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവയ്ക്കട്ടെ എന്ന് സംവിധായകനായ രണ്‍ജി പണിക്കര്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
3 in stock
Devika Remesh –
ഒരു പുസ്തകം വായിച്ചപ്പോഴാണ് ചിരിക്കുക?ഒന്നുകിൽ യാതൊരു ലോജിക്കും ഇല്ലാത്ത കഥ ആവണം. അപ്പോൾ ഇയാളിതെന്തോന്ന് എഴുതി വെച്ചിരിക്കുന്നെന്ന് ഓർത്ത് ചിരിക്കാം. അതല്ലെങ്കിൽ, വളരെ വൃത്തിയായി ആസൂത്രണം ചെയ്ത്, ചിരിപ്പിക്കാനായി തന്നെ എഴുതിയ ഒരു കഥയാവണം. രണ്ട് രീതിയിലും ഞാൻ ചിരിച്ചിട്ടുണ്ട്. രണ്ടാമത്തെ രീതിയിൽ ഈ അടുത്ത് വായിച്ചു ചിരിച്ച നോവലാണ് പ്രശാന്ത് നമ്പ്യാരുടെ ‘അപസർപ്പകം’.
ത്രില്ലർ ജോണറിൽ വരുന്ന ഒരു ലക്ഷണമൊത്ത കൃതിയൊന്നുമല്ലയിത്. എന്നാൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന പലതും ഇതിനുണ്ട്. കഥക്കുള്ളിലെ കഥയായാണ് ഈ നോവൽ മുന്നോട്ട് പോകുന്നത്. സബ് ഇൻസ്പെക്ടർ ബാലചന്ദ്രൻ അഥവാ ബാലീ അന്വേഷിച്ച ഒരു കേസിനെ കുറിച്ച് മനീഷ് എന്ന ചെറുപ്പക്കാരൻ സുസ്മിത എന്ന ചെറുപ്പക്കാരിക്ക് പറഞ്ഞു കൊടുക്കുന്നു. ബാക്കിയൊക്കെ വായിച്ചു തന്നെ അറിയണം.
ഈ നോവൽ ആദ്യം ‘ഒരു പ്രമുഖ പ്രസാധകർ’ പുസ്തകമായി പ്രസിദ്ധീകരിക്കാൻ സമ്മതിച്ചുവെങ്കിലും, തീറെഴുതി കൊടുക്കാൻ കഥാകാരൻ സമ്മതിക്കാഞ്ഞതിനാൽ അത് സംഭവിച്ചില്ല. പിന്നീട് കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നു. അതിന് ശേഷം ഗ്രീൻ ബുക്സ് പുസ്തക രൂപേണ പുറത്ത് കൊണ്ട് വന്നു. ‘ആഹാ ഈ മുറി കൊള്ളാം. ഡിസി കിഴക്കേമുറിയെക്കാളും വലിയ മുറി ആണല്ലോ’യെന്ന് മനീഷ് സുസ്മിതയോട് പറയുമ്പോൾ എന്തോ ഒരു മധുര പ്രതികാരം വായിക്കുന്നവർക്ക് മണക്കും, ഒപ്പം ഒരു ചിരിയും.
കണ്ണൂർ ഭാഷയിലാണ് കഥാപാത്രങ്ങളുടെ സംസാരം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഒരു അനുഭവമാകും ഈ ത്രില്ലർ നൽകുക. അത്യാവശ്യം ഫലിതവും പലയിടത്തും അഡൾട്ട്സ് ഒൺലി ജോക്സും നിറഞ്ഞ കഥയിൽ, ആകർഷണീയമായ സസ്പെൻസും നിലനിൽക്കുന്നു. ബാലീ തലയോട്ടി നോക്കി പടം വരയ്ക്കാൻ കൊണ്ട് പോയപ്പോഴും, പെൺകുട്ടിയുടെ ഡയറി വായിക്കുമ്പോഴുമെല്ലാം ത്രില്ലർ കഥകളുടെ സ്പൂഫാണോ ഇതെന്ന് എനിക്ക് തോന്നി. അതിന് ആക്കം കൂട്ടുന്ന പേരുമാണല്ലോ കൃതിക്ക്!
നീലകണ്ഠൻ പരമാരയുടെ കഥയോട് സാമ്യം തോന്നുന്ന കഥ വരുമ്പോൾ, ഇതെന്താ നീലകണ്ഠൻ പരമാരയുടെ കഥയാണോയെന്ന് കഥാപാത്രത്തെ കൊണ്ട് തന്നെ ചോദിപ്പിക്കുന്ന ബുദ്ധിയും, പലയിടത്തും ‘ബ്രേക്ക് ചെയ്യുന്ന ഫോർത്ത് വാളും’ (കഥാപാത്രങ്ങൾ കഥയിൽ നിന്നും പുറത്ത് കടന്നു വായനക്കാരോട് സംസാരിക്കുന്ന രീതിയും) ഒരു പരിധി വരെ ആശയ കുഴപ്പത്തിൽ ആക്കുന്നുണ്ട്. ഇത് അതാണോ എന്ന ചോദ്യം ഉള്ളിൽ ഉയർത്തും.
എന്തുകൊണ്ടാണ് കഥാകാരന് പെണ്ണിന്റെ മാറിട വർണ്ണനയോട് മാത്രം ഇത്ര താല്പര്യം? ഇടക്കിടക്ക് കഥയിൽ സുസ്മിത സുനേത്രയാകുന്നു. കൃതി പൊളിച്ചെഴുതിയപ്പോൾ പേര് മാറ്റിയതാവും. പക്ഷേ പലയിടത്തും അത് തിരുത്താൻ വിട്ട് പോയതാണോ? കഥക്കൊടുവിൽ ഒരു കഥാപാത്രത്തിന് ഭാസ്കര പട്ടേലറോഡ് തോന്നുന്ന സാമ്യം യാദൃശ്ചികമാണോ? ഏത് കഥയാണ് സത്യം? കുറേ ചോദ്യങ്ങൾ മനസ്സിൽ ഉണർത്തുന്ന, ഒരു തവണ വായിച്ചിരിക്കാവുന്ന രസകരമായ ഒരു നോവൽ തന്നെയാണ് ‘അപസർപ്പകം’.